Saturday, January 27, 2018

ജിങ്കന്റെ സ്വഭാവദൂഷ്യം.

ജിങ്കന്റെ സ്വഭാവദൂഷ്യം... മുന്‍ കോച്ചിന്റെ ആരോപണം ശരിയോ? ജെയിംസ് പറയുന്നു, ഇതാണ് കോച്ച്


കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ ക്യാപ്റ്റനും പ്രമുഖ ഡിഫന്ററുമായ സന്ദേഷ് ജിങ്കനെതിരേ ഗുരുതര ആരോപണവുമായി മുന്‍ കോച്ച് റെനെ മ്യുളെന്‍സ്റ്റീന്‍ രംഗത്തു വന്നത് വലിയ വാര്‍ത്തയായിരുന്നു. സീസണില്‍ ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്നു പരിശീലകസ്ഥാനത്തു നിന്നു പുറത്താക്കപ്പെട്ട മ്യുളെന്‍സ്റ്റീന്‍ ഞെട്ടിക്കുന്ന കാര്യങ്ങളാണ് ജിങ്കനെതിരേ ആരോപിച്ചത്. ജിങ്കന്‍ ഒട്ടും പ്രൊഫഷണലായ കളിക്കാരനല്ലെന്നും ഗോവയോട് ബ്ലാസ്‌റ്റേഴ്‌സ് 2-5നു തോറ്റ എവേ മല്‍സരത്തിനുശേഷം പുലരുവോളം ജിങ്കന്‍ പാര്‍ട്ടിയില്‍ പങ്കെടുക്കുകയും മദ്യപിക്കുകയും ചെയ്തുവെന്നും മ്യുളെന്‍സ്റ്റീന്‍ ആരോപിച്ചിരുന്നു. ഇപ്പോള്‍ ജിങ്കനെതിരായ അദ്ദേഹത്തിന്റെ ആരോപണങ്ങളെക്കുറിച്ച് നിലവിലെ കോച്ച് ഡേവിഡ് ജെയിംസ് പ്രതികരിക്കുകയാണ്. കൊച്ചിയില്‍ ഗോവയോട് ബ്ലാസ്‌റ്റേഴ്‌സ് 1-2നു പരാജയപ്പെട്ട മല്‍സരത്തിനു ശേഷമാണ് അദ്ദേഹം വിവാദത്തിനു മറുപടി നല്‍കിയത്.

മുഴുവന്‍ വായിച്ചില്ല 


മ്യുളെന്‍സ്റ്റീന്‍ ജിങ്കനെതിരേ പല ആരോപണങ്ങളും ഉന്നയിച്ചതായി അറിയാന്‍ കഴിഞ്ഞില്ലെങ്കിലും തനിക്ക് അവ മുഴുവന്‍ വായിക്കാന്‍ സാധിച്ചില്ലെന്ന് ജെയിംസ് വ്യക്തമാക്കി. മ്യുളെന്‍സ്റ്റീന്‍ ജിങ്കന്റെ ഭാഗത്തു നിന്നുണ്ടായ മോശം പെരുമാറ്റമുണ്ടായെന്ന് ആരോപിക്കുന്ന കാലത്തു താന്‍ ഇവിടെയില്ലായിരുന്നു. എങ്കിലും ജിങ്കനുമായി താന്‍ സംസാരിച്ചിരുന്നു. വ്യക്തിപരമായി അലട്ടുന്ന എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോയെന്ന് അദ്ദേഹത്തോട് ചോദിക്കുകയും ചെയ്തിരുന്നതായി ജെയിംസ് കൂട്ടിച്ചേര്‍ത്തു.
ജിങ്കനെ പ്രശംസിച്ചു ഗോവയ്‌ക്കെതിരേ കൊച്ചിയില്‍ ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെട്ട മല്‍സരത്തില്‍ ജിങ്കന്റെ പ്രകടനത്തെ ജെയിംസ് പ്രശംസിച്ചു. ഉജ്ജ്വലമായാണ് അദ്ദേഹം കളിച്ചത്. ഇതു തന്നെയാണ് ടീം ഒരു ക്യാപ്റ്റന്‍ നിന്നും പ്രതീക്ഷിക്കുന്നത്. ടീമിന്റെ തോല്‍വിയില്‍ ജിങ്കനെ കുറ്റപ്പെടുത്തില്ല. മല്‍സരത്തില്‍ ടീമിനെ ജയിപ്പിക്കാന്‍ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. തനിക്കൊരു കാര്യത്തില്‍ ദേഷ്യമുണ്ട്. രണ്ടാംപകുതിയില്‍ അര്‍ഹിച്ച പെനല്‍റ്റി റഫറി നല്‍കാത്തതിനെ തുടര്‍ന്നാണിതെന്നും ജെയിംസ് പറഞ്ഞു.
കഴിഞ്ഞതിനെക്കുറിച്ച് പറയാനാവില്ല മുമ്പത്തെ കോച്ചിന്റെ കാലത്തുണ്ടായ സംഭവങ്ങളെക്കുറിച്ച് തനിക്ക് പറയാന്‍ സാധിക്കില്ല. കാരണം ആ സമയത്ത് താന്‍ ഇവിടെയില്ല. അന്നത്തെ അന്തരീക്ഷത്തില്‍ നിന്നും വ്യത്യസ്തമായ ഒന്ന് ടീമില്‍ ഉണ്ടാക്കിയെടുക്കാനാണ് തന്റെ ശ്രമം. സ്വന്തം ടീമിലെ മുഴുവന്‍ താരങ്ങളെയും പൂര്‍ണ വിശ്വാസമുണ്ട്. അങ്ങനെ വിശ്വാസമില്ലാത്തവര്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് കളിക്കാന്‍ ഒരിക്കലും അവസരം ലഭിക്കില്ലെന്നും ജെിംസ് വിശദമാക്കി.

നിലവില്‍ പ്രശ്‌നങ്ങളൊന്നുമില്ല 


ബ്ലാസ്റ്റേഴ്‌സ് ടീമില്‍ നിലവില്‍ ഒരു തരത്തിലുമുള്ള പ്രശ്‌നങ്ങളില്ല. താരങ്ങളും കോച്ചും തമ്മിലെല്ലാം നല്ല ബന്ധമാണുള്ളത്. ഇനിയെന്തെങ്കിലും പ്രശ്‌നം ഉണ്ടായാല്‍ അതു കണ്ടെത്തി പരിഹരിക്കും. പരിശീലനസെഷനില്‍ അങ്ങനെയെന്തെങ്കിലും ഉണ്ടെങ്കില്‍ മനസ്സിലാക്കാനാവും. അതാണ് ടീമിന്റെ നയം. മുന്‍ കോച്ച് മ്യുളെന്‍സ്റ്റീന്റെ ആരോപണവുമായി തനിക്കൊരു ബന്ധവുമില്ലെന്ന് ജിങ്കനോട് പറഞ്ഞിരുന്നതായും ജെയിംസ് വ്യക്തമാക്കി.
മ്യൂളെന്‍സ്റ്റീന്റെ ആരോപണം ഇങ്ങനെ ഗോവയോട് ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെട്ട എവേ മല്‍സരത്തിനു ശേഷം നേരം പുലരുവോളം ജിങ്കന്‍ പാര്‍ട്ടിയില്‍ പങ്കെടുക്കുകയും മദ്യപിക്കുകയും ചെയ്തിട്ടുണ്ട്. ഒരു പ്രൊഫഷണല്‍ താരത്തിന് ചേര്‍ന്നതാണോ ഇത്. നല്ലൊരു ക്യാപ്റ്റന്റെ ഭാഗത്തു നിന്നും ഒരിക്കലും ഉണ്ടാവാന്‍ പാടില്ലാത്ത പെരുമാറ്റമാണിതെന്നും മ്യുളെന്‍സ്റ്റീന്‍ ആരോപിച്ചിരുന്നു. തന്നെ ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പരിശീലകസ്ഥാനത്തു നിന്നു പുറത്താക്കിയതിന് ഈ സംഭവവുമായി ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.


ജയിക്കാന്‍ ആഗ്രഹിച്ചിരുന്നില്ല

 കൊച്ചിയില്‍ നടന്ന മല്‍സരത്തില്‍ ബെംഗളൂരുവിനെതിരേ ജയിക്കാന്‍ ബ്ലാസറ്റേഴ്‌സ് താരങ്ങള്‍ ആഗ്രഹിച്ചിരുന്നില്ല. ടീം വഴങ്ങിയ ഗോളുകള്‍ ശ്രദ്ധിച്ചാല്‍ തന്നെ ഇക്കാര്യം വ്യക്തമാവും. ജിങ്കന്‍ വഴങ്ങിയ പെനല്‍റ്റി നോക്കൂ. ബോക്‌സിനുള്ളില്‍ വച്ച് പന്ത് കൈകൊണ്ട് തടുക്കേണ്ട ഒരു സാഹചര്യവും ജിങ്കനുണ്ടായിരുന്നില്ല. ബെംഗളൂരുവിന്റെ മൂന്നാം ഗോള്‍ നോക്കൂ. ബോക്‌സിനുള്ളില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ആരും ഇല്ലായിരുന്നുവെന്ന് തോന്നിക്കും പോലെയാണ് മിക്കു ഗോള്‍ നേടിയത്. തന്നെ പരിശീലകസ്ഥാനത്തു നിന്നു പുറത്താക്കുന്നതിനു വേണ്ടിയാവും അത്രയും മോശം പ്രകടനം ടീമിന്റെ ഭാഗത്തു നിന്നുണ്ടായതെന്നും മ്യൂളെന്‍സ്റ്റീന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ജിങ്കനെ മദ്യം മണത്തിരുന്നു


 ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകസ്ഥാനത്തു നിന്നു നീക്കിയ ശേഷം ജിങ്കനുമായി കഴിഞ്ഞ മല്‍സരത്തിലെ പ്രകടനത്തെക്കുറിച്ചു ചോദിച്ചിരുന്നു. അപ്പോഴും അയാളെ മദ്യം മണക്കുന്നുണ്ടായിരുന്നു. ഇത്രയുമധികം ആരാധകരുള്ള ഒരു ക്ലബ്ബിന്റെ ക്യാപ്റ്റനാണ് താനെന്നതും പോലെ അയാള്‍ ചിന്തിക്കുന്നില്ലെന്നു തോന്നി. ഇന്ത്യയിലെ ഏറ്റവും പ്രൊഫഷണലായ താരമാണ് താന്നെന്നാണ് ജിങ്കന്‍ സ്വയം കരുതുന്നത്. എന്നാല്‍ അദ്ദേഹം എല്ലാവരെയും നിരാശപ്പെടുത്തുകയാണെന്ന് മ്യുഴളെന്‍സ്റ്റീന്‍ തുറന്നടിച്ചിരുന്നു.






No comments:

Post a Comment

photos :SABIR PASHA- RENE